കൊല്ലങ്കോട്: വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് ഗൃഹനാഥൻ മരിച്ചു. വടവന്നൂർ കോരാത്തപറമ്പ് മണിയുടെ മകൻ ഗോപിദാസാണ് (55) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം. സുഹൃത്ത് ദേവനോടൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു. തിരികെ മടങ്ങുന്നതിനിടെയാണ് പാറയിലെ പായലിൽ കാൽവഴുതി വീണതെന്ന് പൊലീസ് പറഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഗോപിദാസിന്റെ ഭാര്യ: മല്ലിക. മക്കൾ: ഗോപിക, മാളവിക. മാതാവ്: കൊച്ചമ്മ. സഹോദരി: രതി. വെള്ളരിമേട്ടിലെ വെള്ളച്ചാട്ടത്തിന് മുകളിൽ കയറാൻ വിനോദസഞ്ചാരികൾക്ക് വിലക്കുണ്ട്. അപകടം പതിയിരിക്കുന്ന പ്രദേശത്തേക്ക് സഞ്ചാരികളെ കടത്തിവിടുന്നതിന് നിയന്ത്രണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.