കൊരട്ടി: ദേശീയപാതയിൽ ബൈക്ക് യാത്രികൻ ടോറസ് ലോറിക്കടിയിൽ പെട്ട് മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി കൊടുമ്പാലയില് താമസിക്കുന്ന ആലപ്പുഴ കരീലക്കുളങ്ങര മലമേല്‍ഭാഗം സ്വദേശി വാലുവിള കിഴക്കതില്‍ മോഹന്‍കുമാര്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെ ചിറങ്ങര സിഗ്നൽ ജങ്ഷനിൽ അങ്കമാലി ഭാഗത്തേക്കുള്ള ട്രാക്കിൽ ആയിരുന്നു അപകടം. സിഗ്നൽ ജങ്ഷനിൽ കാത്തുനിന്ന ഇരു വാഹനങ്ങളും മുന്നോട്ടു നീങ്ങുന്നതിനിടെ ടോറസ് ലോറി ബൈക്കിൽ തട്ടി. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് മോഹൻകുമാർ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിൻചക്രം ദേഹത്ത് കയറിയിറങ്ങി അപകടസ്ഥലത്തുതന്നെ മരിച്ചു. എറണാകുളത്ത് താമസിക്കുന്ന മകളെ കാണാന്‍ പോകുമ്പോഴാണ് അപകടം. റോഡ് നിർമാണത്തിനാവശ്യമായ മെറ്റൽ കൊണ്ടുപോവുകയായിരുന്നു ടോറസ് ലോറി. നാട്ടുകാരും പൊലീസും ചേര്‍ന്ന് മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: കൊടുമ്പാല ചക്കിങ്ങല്‍ വിജയലക്ഷ്മി. മകള്‍: പ്രിയ (ഐ.ടി). മരുമകന്: കൃഷ്ണദാസ് (ഐ.ടി). സംസ്കാരം ഞായറാഴ്ച 12ന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍.