കരുവാരകുണ്ട്: നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലും സൂചന ബോർഡിലും ഇടിച്ചു മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കൽക്കുണ്ട് കപ്പലാംതോട്ടം പുളിക്കൽ ഭാസ്കരനാണ് (49) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ കപ്പലാംതോട്ടം ചേരി റോഡിനടുത്തായിരുന്നു അപകടം. വീട്ടിൽനിന്ന് കാറുമായി ഭാസ്കരൻ കൽകുണ്ട് റോഡിലിറങ്ങിയതാണ്. ഇതിനിടെ നിയന്ത്രണംവിട്ട് അതിവേഗം ചീറിപ്പായുകയായിരുന്നു. അരകിലോമീറ്റർ പിന്നിട്ടപ്പോൾ ചേരിപ്പടിയിൽ സ്കൂട്ടറുമായി നിൽക്കുകയായിരുന്ന ആനത്താനത്തെ വിനുവിനെ ഇടിച്ചു. പിന്നോട്ട് മറിഞ്ഞുവീണ വിനു അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂട്ടർ തെറിച്ച് റോഡോരത്തെ കുഴിയിലേക്കാണ് മറിഞ്ഞത്. വീണ്ടും മുന്നോട്ടു പോയ കാർ സൂചന ബോർഡിൽ ഇടിച്ച് പൊങ്ങി തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗ്ലാസുകളും എയർ ബാഗും പൊട്ടി തല തകർന്നാണ് ഭാസ്കരന്റെ മരണം. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. കിഴക്കെത്തലയിൽ വർഷങ്ങളായി ഓട്ടോ ഡ്രൈവറാണ് ഭാസ്കരൻ. ഭാര്യസഹോദര പുത്രന്റെ വിവാഹാന്വേഷണത്തിന് പെരിന്തൽമണ്ണയിൽ പോകാൻ സുഹൃത്തിൽനിന്ന് വാങ്ങിയതാണ് കാർ. ഈ സമയം റോഡിൽ കാൽനടക്കാരില്ലാത്തതിനാലും എതിരെ വാഹനങ്ങൾ വരാഞ്ഞതിനാലും വൻ ദുരന്തം ഒഴിവായി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ലതയാണ് ഭാര്യ. മക്കൾ: അഖിൽ, നിഖിൽ, നിധിൻ.