ജിദ്ദ: മലയാളി യുവ മതപണ്ഡിതൻ ജിദ്ദയിൽ നിര്യാതനായി. ഗൂഡല്ലൂർ പാക്കണ സ്വദേശി അബ്ദുൽ അസിസ് സഖാഫി (41) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനാണ്. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ഐ.സി.എഫ് മുശ്രിഫ യൂനിറ്റ് പ്രസിഡന്റായും ജിദ്ദ ഇമാം റാസി മദ്റസ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
നേരത്തേ സൗദിയിലുണ്ടായിരുന്ന അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് പോയശേഷം ആഴ്ചകൾക്ക് മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്. ഒരു ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. പാക്കണ കുത്തുകല്ലൻ അബൂബക്കറിന്റെ മകനാണ്. കൈതപ്പൊയിൽ സ്വദേശി ഷാജിമയാണ് ഭാര്യ. ഉമ്മ നഫീസ. അംജദ് അലി, ഫാത്തിമ ലൈബ, ബിശ്റുൽ ഹാഫി എന്നിവർ മക്കളാണ്.