അരീക്കോട്: തച്ചണ്ണ ചാലിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു. ചോക്കാട് മമ്പാട്ടുമൂലയിലെ കുമ്മാളി അസീസിന്റെ ഭാര്യ ഖദീജ (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. മകളുടെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഭർത്താവിനോടൊപ്പം ബൈക്കിൽ പോകുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന ഖദീജ റോഡിലേക്ക് തെറിച്ച് വീണാണ് പരിക്കേറ്റത്. ഉടൻ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ ഭർത്താവ് അസീസും മകളും നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വെള്ളിയാഴ്ച രാത്രി ഏഴരയോടെ മഞ്ഞപ്പെട്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: റിയ, റിഫ, റിഫിൻ. പിതാവ്: ഹൈദ്രു കരുളായി. മാതാവ്: ആമിന.