മാള: ജീവിതം തിരിച്ചുപിടിക്കാൻ സുമനസ്സുകളുടെ കനിവ് തേടിയ യുവാവ് യാത്രയായി. അന്നമനട കല്ലൂർ മതിലകത്ത് വീട്ടിൽ ഹംസയുടെ മകൻ നൗഷാദ് (46) ആണ് അർബുദ ബാധിതനായി ചികിത്സയിലിരിക്കെ മരിച്ചത്. നൗഷാദിന്റെ ചികിത്സക്കായി നാട്ടുകാർ സഹായ സമിതി രൂപവത്കരിച്ചിരുന്നു. ദുരന്തം ഈ കുടുംബത്തെ ഒരു പതിറ്റാണ്ടായി പിന്തുടരുകയായിരുന്നു. ആദ്യം നൗഷാദിന്റെ മാതാവ് അർബുദ ബാധിതയായി മരിച്ചു. താമസിയാതെ അർബുദം ഏഴ് വയസ്സുകാരനായ ഏക മകന്റെയും ജീവനെടുത്തു. വീട്ടിലിരുന്ന് പപ്പടം ഉണ്ടാക്കി കടകളിൽ വിതരണം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന നൗഷാദിന്റെ വേർപാട് നാടിന്റെ നോവായി മാറി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അന്നമനട കല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. ഭാര്യ: സബിത.