താനൂർ: ഒന്നാം ക്ലാസുകാരനെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉണ്യാൽ സ്വദേശി കോടിയിന്റെ പുരക്കൽ അൻവർ സാദത്തിന്റെ മകൻ മുഹമ്മദ് ഷാഹിദാണ് (ഏഴ്) മരിച്ചത്. തിരൂർ ജി.എം.യു.പി സ്കൂൾ വിദ്യാർഥിയായ മുഹമ്മദ് ഷാഹിദ് സ്കൂളിലേക്ക് പോകാനുള്ള തയാറെടുപ്പിൽ കുളിക്കാനായി കുളിമുറിയിൽ കയറുകയായിരുന്നു. ഏറെ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ ബഹളം വെക്കുകയും കുളിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് കുട്ടിയെ എടുക്കുകയായിരുന്നു. ഉടൻ തിരൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഉണ്യാൽ തർബിയത്തു സിബ്യാൻ മദ്റസയിലെ ഒന്നാം ക്ലാസ് വിദ്യാർഥി കൂടിയായ ഷാഹിദിന്റെ വിയോഗത്തിൽ അനുശോചിച്ച് ചൊവ്വാഴ്ച മദ്റസക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാതാവ്: സൈഫുന്നീസ. സഹോദരങ്ങൾ: മുഹമ്മദ് റഷൽ, ഫാത്വിമ ഷഹ്മ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തേവർ കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.