തൃശൂർ: അഴുകിയ നിലയിൽ ഡോക്ടറുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. നെല്ലിക്കുന്ന് സ്വദേശി മേനാച്ചേരി വീട്ടിൽ ഡോ. ഷാജൻ വർഗീസിനെയാണ് (57) മെട്രോ ആശുപത്രിക്ക് സമീപം ഗാന്ധി നഗറിൽ അമ്മയുടെ സഹോദരിയുടെ വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ഇവിടെ വന്നിരുന്നതായി അമ്മയുടെ സഹോദരി ലിസി പൊലീസിന് മൊഴിനൽകി. വ്യാഴാഴ്ച കിണറ്റിൽനിന്ന് രൂക്ഷഗന്ധം ഉയർന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുണ്ട്. വീട്ടിൽ ലിസി മാത്രമാണ് താമസിക്കുന്നത്. മക്കൾ വിദേശത്താണ്. ഭാര്യയുമായി ഷാജൻ വേർപിരിഞ്ഞതാണ്. പെരുമ്പാവൂരിലെ ആശുപത്രിയിലാണ് ഷാജൻ ജോലി ചെയ്തിരുന്നത്.