അലനല്ലൂർ: സ്വകാര്യ ബസിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. എടത്തനാട്ടുകര മൂച്ചക്കലിൽ താമസിക്കുന്ന വട്ടത്തൊടിക വീട്ടിൽ സറീനയുടെ ഭർത്താവ് തമിഴ്നാട് സ്വദേശി പീരാൻ ദസ്തഗീറാണ് (43) മരിച്ചത്.
തമിഴ്നാട്ടിലെ ഈറോഡിൽനിന്ന് വരുന്ന അദ്ദേഹം മണ്ണാർക്കാട്ടുനിന്ന് എടത്തനാട്ടുകരയിലേക്ക് ബസിൽ പോകുന്നതിനിടെ ശനിയാഴ്ച രാവിലെ ഏഴരയോടെ കൊടിയംകുന്നിലാണ് അപകടം.
തലക്കും വാരിയെല്ലിനും പരിക്കേറ്റ പീരാനെ ആദ്യം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് വൈകീട്ട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് മരണം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. മകൾ: ശിഫ.