മാന്ദാമംഗലം: മൂന്ന് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. മൈൽക്കുറ്റിമുക്ക് സ്വദേശി പള്ളത്ത് വീട്ടിൽ അനീഷിന്റെ മകൻ ആദവാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. കുട്ടിയുടെ അച്ഛൻ അനീഷും ഭാര്യ അശ്വതിയും വെട്ടുകാട് സർക്കാർ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ഈ സമയത്ത് സമീപത്തുതന്നെയുള്ള അനീഷിന്റെ സഹോദരന്റെ വീട്ടിൽ ആദവിനെ എൽപിച്ചാണ് പോയത്. അനീഷിന്റെ അമ്മയും സഹോദരഭാര്യയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആൾമറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്. ഇവർ ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാരെത്തി കുട്ടിയെ പുറത്തെത്തിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: അശ്വതി. ഏകസഹോദരൻ: അദ്വൈത്.