ഷൊർണൂർ: കുളപ്പുള്ളി ആറാണിയിൽ ഉള്ളാട്ടിൽ സർജിക്കൽസ് എന്ന സ്ഥാപനം നടത്തുന്നയാൾ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് മരിച്ചു. ചുടുവാലത്തൂർ കൃഷ്ണനിവാസിൽ വിജയനാണ് (51) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ ആറാണിയിലെ കമ്പനിയിൽ ജോലിക്കിടെ തൊട്ടടുത്ത സ്ഥാപനത്തിൽനിന്ന് സാധനം വാങ്ങാൻ റോഡ് മുറിച്ചുകടക്കവെ ഒറ്റപ്പാലം ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന കാർ വിജയനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ശുഭ. മക്കൾ: വിശാൽ, വിസ്മയ. ഷൊർണൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.