തൃശൂര്‍: സ്വരാജ് റൗണ്ടില്‍ വാഹനാപകടത്തിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഗുരുവായൂർ പൂളാക്കൽ ഖലീലിന്റെയും കൂർക്കഞ്ചേരി സ്കൈലൈൻ അപാർട്മെന്റിൽ ഷൈലയുടെയും മകൾ ഇസ്ര (20) ആണ് മരിച്ചത്. വൈകീട്ട് 5.45 ഓടെ ബാനര്‍ജി ക്ലബിനു സമീപത്താണ് അപകടം. ഇസ്ര സഞ്ചരിച്ച സ്കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് സ്കൂട്ടറടക്കം ബസിനടിയിലേക്ക് വീണ ഇസ്രക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് പഠിക്കുന്ന ഇസ്ര ക്രിസ്മസ് അവധിക്കായി വെള്ളിയാഴ്ചയാണ് വീട്ടിലെത്തിയത്. സുഹൃത്തിന്റെ വിവാഹത്തിന് പോയി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനായി ടൗണിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഗുരുവായൂരിൽ ആയിരുന്ന ഷൈലയും മക്കളും രണ്ടു വർഷം മുമ്പ് മണ്ണുത്തി കാളത്തോട്ടേക്ക് താമസം മാറ്റിയിരുന്നു. ഒരു മാസം മുമ്പാണ് കൂർക്കഞ്ചേരിയിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയത്. സഹോദരങ്ങൾ: ബിലാൽ, ഇഷ, മർവ.