കയ്പമംഗലം: യന്ത്രത്തിൽ കൈകുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മൂന്നുപീടികയിൽ ദേശീയപാതയുടെ ജോലിക്കായി എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി ബസുദേവ് സർക്കാർ (30) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ മൂന്നുപീടികയിലെ പ്ലാന്റിൽ കോൺക്രീറ്റ് മിക്സറിൽ ജോലി ചെയ്യുന്നതിനിടെ കൈ കൺവെയർ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു. ഉടൻ മറ്റു തൊഴിലാളികൾ ചേർന്ന് കൈ യന്ത്രത്തിൽനിന്ന് വേർപെടുത്തി എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ച രണ്ട് മണിയോടെ മരിക്കുകയായിരുന്നു. കയ്പമംഗലം പൊലീസ് മേൽനടപടി സ്വീകരിച്ചു.