ഗുരുവായൂർ: ശബരിമല തീർഥാടകർ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കണ്ടാണശ്ശേരി മണപ്പറമ്പില്‍ ശ്രീനിവാസനാണ് (കുഞ്ഞുകുട്ടൻ -59) മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെ അരിയന്നൂര്‍ മൈത്രി കല്യാണമണ്ഡപത്തിന് സമീപത്തായിരുന്നു അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ വരുകയായിരുന്ന കോഴിക്കോട് സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാർ റോഡിന്റെ വശത്തെ കലുങ്ക് ഇടിച്ച് തകര്‍ത്താണ് ശ്രീനിവാസനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കാനയിലേക്ക് തെറിച്ചുവീണ ശ്രീനിവാസൻ തല്‍ക്ഷണം മരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കോഴിക്കോട് താഴെ മാറാട് പ്രബീഷ് (42), കുന്നമംഗലം തിയ്യംകണ്ടിയില് ഷനോജ് (44) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ച കുഞ്ഞുകുട്ടനെയും പരിക്കേറ്റ ഇരുവരെയും ഗുരുവായൂര്‍ ആക്ട്സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഗിയാണ് കുഞ്ഞുകുട്ടന്റെ ഭാര്യ. അനഘ മകളാണ്.