കാഞ്ഞങ്ങാട്: കരൾ പകുത്ത് നൽകിയ മകനെയും ചികിത്സക്കായി തണലേകിയ നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി ബാലൻ വിടവാങ്ങി. അമ്പലത്തറ കുമ്പളയിലെ ബാലനാണ് (55) മരിച്ചത്. കരൾ സംബന്ധമായ അസുഖത്തിലായ ബാലനുവേണ്ടി നാട് കൈകോർത്തിരുന്നു. കരൾ മാറ്റിവെച്ചാൽ ജീവിതം തിരിച്ചുകിട്ടുമെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. മകൻ അർജുൻ കരൾ നൽകാൻ മുന്നോട്ടുവരികയായിരുന്നു. 40 ലക്ഷത്തോളം രൂപയായിരുന്നു ചികിത്സ ചെലവ് വേണ്ടിയിരുന്നത്. പണം കണ്ടെത്താനായി നാട്ടുകാർ വിവിധ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. അതിനിടയിൽ കരൾമാറ്റ ശസ്ത്രക്രിയ നടത്തി. അച്ഛനും മകനും സുഖമായിരിക്കുന്നെന്ന ആശ്വാസവാർത്തയും വന്നു.
പിന്നാലെ ആരോഗ്യം മോശമായി ബാലൻ പുതുവത്സരദിനത്തിൽ മരണപ്പെട്ടു. പാറപ്പള്ളി കുമ്പളയിലെ കണ്ണന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകൾ: അശ്വതി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, അമ്പു, ബാബു, കൃഷ്ണൻ, പരേതനായ നാരായണൻ.