മാനന്തവാടി: തിരുനെല്ലിയെ തന്റെ ‘നെല്ല്’ നോവലിലൂടെ പരിചയപ്പെടുത്തിയ നോവലിസ്റ്റ് പി. വത്സലക്ക് പിന്നാലെ അതിലെ കുറുമാട്ടിയെന്ന കഥാപാത്രമായിരുന്ന രാഗിണിയും വിടപറഞ്ഞു. തിരുനെല്ലി പോത്തുമൂല കോളനിയിലെ മകൾ വെള്ളയുടെ വീട്ടിലായിരുന്നു രാഗിണിയുടെ (85) അന്ത്യം. വർഗീസ് നിറഞ്ഞുനിന്ന എഴുപതുകളിൽ തിരുനെല്ലിയിലെത്തുന്ന കാലംമുതൽ പി. വത്സലയുടെ കൂട്ടുകാരിയായിരുന്നു രാഗിണി. ഈ സൗഹൃദം പിന്നീട് ഇരുവർക്കും മറക്കാനാവാത്തതായി മാറി. രാഗിണി പറഞ്ഞ കഥകളിൽനിന്നാണ് അടിയോരുടെ ജീവിതങ്ങളുടെ പൊള്ളുന്ന കാഴ്ചകൾ ‘നെല്ല്’ എന്ന നോവലിലൂടെ വത്സല വരച്ചുകാണിച്ചത്. രാമു കാര്യാട്ട് ‘നെല്ല്’ പിന്നീട് സിനിമയാക്കിയപ്പോൾ കുറുമാട്ടിയുടെ വേഷം ചെയ്തത് ചലച്ചിത്രതാരം കനക ദുർഗയായിരുന്നു. തിരുനെല്ലിയിലെ രാഗിണി പിന്നീട് കുറുമാട്ടിയായി ജീവിതത്തിലും തുടർന്നു. നവംബർ 21ന് പി. വത്സലയുടെ വിയോഗത്തിനുശേഷം ഒരുമാസവും പത്ത് ദിവസവും കഴിഞ്ഞപ്പോഴാണ് അവരുടെ അനശ്വര കഥാപാത്രമായി ജീവിച്ച കുറുമാട്ടിയെന്ന രാഗിണിയും ലോകത്തോട് വിടചൊല്ലിയത്.
ഏറ്റവും ഒടുവിൽ പി. വത്സല തിരുനെല്ലിയിലെത്തിയപ്പോഴും തന്റെ ‘കുറുമാട്ടി’യെ നേരിൽ കണ്ടിരുന്നു. കുറച്ചുകാലമായി അസുഖബാധിതയായിരുന്ന രാഗിണി മകളുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഭർത്താവ്: പരേതനായ കരിയൻ. മക്കൾ: ദേവി, വെള്ള. മരുമക്കൾ: പരേതനായ കരിയൻ, മാരൻ.