അന്തിക്കാട്: സ്വകാര്യ ബസ് ഇടിച്ച് കുറി കലക്ഷൻ ഏജന്റായ സൈക്കിൾ യാത്രക്കാരൻ മരിച്ചു. പുത്തൻപീടിക കുരുതുകുളങ്ങര വീട്ടിൽ ചാക്കോ (63) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പുത്തൻപീടിക കൈതമുക്ക് സെന്ററിലായിരുന്നു അപകടം. വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻപീടിക യൂനിറ്റിന്റെ കുറി കലക്ഷന് കൈതമുക്ക് സെന്ററിലെ ഷോപ്പിലേക്ക് സൈക്കിളിൽ പോകുമ്പോഴാണ് ബസ് ഇടിച്ചത്. തൽക്ഷണം മരിച്ചു. വർക്ക്ഷോപ്പിലേക്ക് പോയിരുന്ന ‘ബട്ടർ ഫ്ലൈ’ ബസാണ് ഇടിച്ചത്. അപകടം നടന്നയുടനെ ബസിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഡ്രൈവറായിരുന്നോ ഓടിച്ചതെന്ന സംശയം ഉയർന്നതിനാൽ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് നടപടികളെടുക്കുമെന്ന് അന്തിക്കാട് പൊലീസ് പറഞ്ഞു. ഭാര്യ: സൂസി. മക്കൾ: സച്ചിൻ, സജോണ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുത്തൻ പീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.