എരുമപ്പെട്ടി: തെരുവ് നായ് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. തയ്യൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം ചിറ്റാട്ടുകര വീട്ടിൽ സെബിയുടെ ഭാര്യ ഷീജയാണ് (46) മരിച്ചത്. വേലൂർ ചുങ്കം-തയ്യൂർ റോഡിലെ എമറാൾഡ് ഗ്ലാസ് ഫാക്ടറിക്ക് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.40നാണ് അപകടം. സെബിക്കൊപ്പം ബൈക്കിനു പിറകിലിരുന്ന് വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. തെരുവ്നായ് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സ്നേഹ മതിലിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ച് ഷീജ മതിലിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ വീട്ടമ്മയെ ഉടനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എരുമപ്പെട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു. സെബിക്കും നിസ്സാര പരിക്കുണ്ട്. മക്കൾ: എബിൻ, ആൽവിൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് തയ്യൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.