തലശ്ശേരി: അബ്കാരി കേസിൽ കോടതി റിമാൻഡ് ചെയ്ത തമിഴ് നാട്ടുകാരൻ ഗുരുതര രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. തമിഴ്നാട് തിരുപ്പൂർ അവിനാശി ഊത്തുക്കുളിയിലെ സെമ്മാണ്ടം പാളയത്തിൽ മാരിമുത്തുവാണ് (43) തലച്ചോറിൽ ബാധിച്ച മെനഞ്ചെറ്റീസ് രോഗം മൂർച്ഛിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. 2016ൽ മാഹി മദ്യം കടത്തിക്കൊണ്ടുപോവുന്നതിനിടയിൽ കൂത്തുപറമ്പ് എക്സൈസ് പിടികൂടി തലശ്ശേരിക്ക് കൈമാറിയ അബ്കാരി കേസിലെ പ്രതിയാണ് ഇയാൾ. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ കഴിഞ്ഞ ദിവസം തലശ്ശേരിയിലെ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ കീഴടങ്ങിയിരുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്ത് തലശ്ശേരി സ്പെഷൽ സബ് ജയിലിലേക്കയച്ചു. തടവിൽ കഴിയവേയാണ് മാരിമുത്തുവിന് രോഗം പിടിപെട്ടത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഓപറേഷന് വിധേയമാക്കിയെങ്കിലും രോഗം മൂർച്ഛിച്ചു. വ്യാഴാഴ്ച ഉച്ചക്കാണ് മരിച്ചത്.