പയ്യന്നൂർ: ബസുകൾക്കിടയിൽപ്പെട്ട് ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം. പയ്യന്നൂർ ഗ്രാമം വെസ്റ്റിലെ കൊടക്കീൽ വീട്ടിൽ രാഘവനാണ് (69) മരിച്ചത്. തിങ്കളാഴ്ച രാവിലെ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിലാണ് അപകടം. ട്രാക്കിൽ നിർത്തിയിടാൻ പിറകോട്ടെടുത്ത സ്വകാര്യ ബസിനും നിർത്തിയിട്ട മറ്റൊരു സ്വകാര്യ ബസിനുമിടയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഘവനെ നാട്ടുകാരും ബസ് ജീവനക്കാരും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പയ്യന്നൂരിലെ ആദ്യകാല ടാക്സി ഡ്രൈവറാണ്. മോട്ടോർ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) മുൻ ജില്ല വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: കെ.എ. ശകുന്തള. മക്കൾ: ലതിക, പുരുഷോത്തമൻ, സജിന. മരുമക്കൾ: സി.കെ.വിനോദ് (ആരാധന പോഗ്രാം ഏജൻസി), പ്രസന്നൻ, വിപിന. സഹോദരങ്ങൾ: ദാമോദരൻ, ഭാസ്കരൻ, രാധ.