കണ്ണൂർ: കണ്ണൂർ-തലശ്ശേരി ദേശീയപാതയിലെ മേലെ ചൊവ്വയിൽ ബൈക്ക് ലോറിയിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനു സമീപം വി.പി ഹൗസിൽ വി.പി. സമദ് (22), കുട്ടിപള്ളിക്കകത്ത് ഹൗസിൽ കെ.പി. റിഷാദ് (29) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ മേലെ ചൊവ്വ നന്തിലത്ത് ജി-മാർട്ടിന് സമീപമാണ് അപകടം. ടർഫിൽനിന്ന് കളി കഴിഞ്ഞ് പാപ്പിനിശ്ശേരിയിലേക്ക് തിരിച്ചുപോകുന്നതിനിടെ നിയന്ത്രണം വിട്ട ഇരുവരും സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലേക്ക് കയറി തെറിക്കുകയായിരുന്നു. അപകടത്തിൽ എതിർ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തേക്ക് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കയറുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കനത്ത മഴയിൽ ബൈക്കിന്റെ നിയന്ത്രണം വിട്ടെന്നാണ് നിഗമനം. റിഷാദ് കൊറിയർ സർവിസ് ജീവനക്കാരനാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് വിദ്യാർഥിയാണ് സമദ്. പിതാവ്: മുസ്തഫ. ഇരുവരുടെയും മൃതദേഹം ജില്ല ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. കോലത്തുവയൽ സുന്നി ജുമാമസ്ജിദിന് സമീപം കെ.പി അബ്ദുല്ലയുടെ മകൻ കെ.പി. റിഷാദ് (29). ഗൾഫിലായിരുന്ന ഇദ്ദേഹം നാട്ടിലെത്തി ഓൺലൈൻ ബിസിനസ് ചെയ്യുന്നു. മാതാവ്: കെ.പി ഹഫ്സത്ത്. സഹോദരങ്ങൾ: അഫ്സീദ്(ഗൾഫ്), ഫസീല, അഫ്താബ്. സമദിന്റെ മാതാവ്: പരേതയായ ഷമീമ. സഹോദരൻ: നാഫിഅ് (ഗൾഫ്).