പേരാമ്പ്ര: ഓട്ടോറിക്ഷയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരൻ മരിച്ചു. കൽപത്തൂർ വായനശാലക്ക് സമീപം വടക്കയിൽ വളപ്പിൽ നാരായണനാണ് (59) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സുനിത (50), സഹോദരന്റെ മകൾ ബബിത (29) എന്നിവർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ പേരാമ്പ്രയിൽ കല്യാണത്തിൽ പങ്കെടുത്ത ശേഷം തിരിച്ചു വരുന്നതിനിടെയാണ് വീടിന് വിളിപ്പാടകലെ വായനശാല ടൗണിൽ മിൽമ ബൂത്തിന് സമീപത്ത് അപകടമുണ്ടായത്. പേരാമ്പ്ര റോഡിൽനിന്നും രാമല്ലൂർ റോഡിലേക്ക് തിരിയുന്നതിനിടെ പെട്ടെന്ന് ഓട്ടോ ബ്രേക്ക് ചെയ്തപ്പോൾ പിറകിൽ വന്ന കാർ ഇടിച്ചതാണ് അപകടത്തിനിടയാക്കിയത്. മകൾ: സജിന. മരുമകൻ: നിധീഷ് (ഓട്ടോ ഡ്രൈവർ കോഴിമുക്ക്). സഹോദരങ്ങൾ: ശങ്കരൻ, ദാമോദരൻ, ലീല, പരേതയായ ജാനകി.