മണ്ണാര്‍ക്കാട്: പൊള്ളാച്ചിയില്‍ വാഹനമിടിച്ച് മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് സാരമായി പരിക്കേറ്റു. പയ്യനെടം കമ്പംകോട്ടില് പരേതരായ ചന്ദ്രന്-ദേവയാനി ദമ്പതികളുടെ മകന് വിജയനാണ് (37) മരിച്ചത്. തിങ്കളാഴ്ച രാത്രി പൊള്ളാച്ചി ടൗണിനടുത്തായിരുന്നു അപകടം. ഇവിടെ കെട്ടിട നിര്‍മാണ ജോലിക്കായി സുഹൃത്തുക്കള്‍ക്കൊപ്പം വന്നതായിരുന്നു വിജയന്. രാത്രിയില്‍ വിജയനും തെങ്കര സ്വദേശിയായ സുഹൃത്തുംകൂടി സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയപ്പോഴാണ് അപകടം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇരുവരെയും വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റ വിജയനെ രക്ഷിക്കാനായില്ല. ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ വിജയന് കഴിഞ്ഞദിവസമാണ് ഇവിടേക്ക് ജോലിക്കെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ശ്രുതി. മക്കള്‍: അവനിക, ആദിചന്ദ്ര, അദ് വിക.