ഇരിട്ടി: കൂട്ടുപുഴ വളവുപാറ പെട്രോൾ പമ്പിന് സമീപം പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉളിക്കൽ സ്വദേശി പനയിൽ അമലിന്റെ (25) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പുഴയിൽനിന്നു കണ്ടെത്തിയത്. അമലിനെ പുഴയിൽ കാണാതായ സ്ഥലത്തിന് സമീപത്തായി അഗ്നിരക്ഷാ സേനയാണ് മൃതദേഹം കണ്ടെടുത്തത്. ബുധനാഴ്ച വൈകീട്ടാണ് അമൽ പുഴയിൽ വീണത്. കൂട്ടുകാർക്കൊപ്പം പുഴയിൽ ഇറങ്ങിയ അമലിനെ കാണാതാവുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ഇരിട്ടിയിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വെളിച്ചക്കുറവ് കാരണം ബുധനാഴ്ച തിരച്ചിൽ അവസാനിപ്പിച്ചു. വ്യാഴാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉളിക്കൽ സ്വദേശി പനയിൽ വാസു- കോമള ദമ്പതികളുടെ മകനാണ്. അനുരഞ്ജ്, മനു എന്നിവർ സഹോദരങ്ങളാണ്.