കോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപം മംഗലശേരി പറമ്പില്‍ ആള്‍താമസമുള്ള വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്നാട് പന്തല്ലൂര്‍ ഹാട്ടിവയല് സ്വദേശി കലയ്യേന്ദ്രന് നടിയാര് (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അബ്ദുള്‍ മസ്ദൂതിന്റെ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
കിണറിന്റെ മൂടി തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുജോലിക്കാരിയാണ് മൃതദേഹം കിണറില്‍ കിടക്കുന്നത് കണ്ടത്. രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. കസബ പൊലീസും അഗ്നിശമന സേനയുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
വസ്ത്രത്തില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിലൂടെയാണ് തമിഴ്നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.
മരണത്തില്‍ മറ്റു സംശയങ്ങളില്ലെന്ന് കസബ പൊലീസ് അറിയിച്ചു. മദ്യലഹരിയില്‍ കിണറിന് മുകളിലൂടെ നടന്നപ്പോള്‍ വീണതാവാമെന്നാണ് നിഗമനം.
മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.