കുശാൽനഗർ (കുടക്): കുശാൽനഗർ-മടിക്കേരി നാഷനൽ ഹൈവേയിലെ ആനെക്കാടിൽ മാരുതി വാനും ജീപ്പും കൂട്ടിയിടിച്ച് പിതാവും രണ്ടര വയസ്സുള്ള പിഞ്ചുകുഞ്ഞും മരിച്ചു. മടിക്കേരി കാലൂരിലെ വിമുക്തഭടൻ എ.ബി. ദേവയ്യ (48), മകൾ നാൻസി ദേവയ്യ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ബന്ധുവീട്ടിലെ പരിപാടിയിൽ പങ്കെടുത്ത് ബസവനഹള്ളിയിലുള്ള വീട്ടിലേക്ക് വരുന്നതിനിടെ തൊഴിലാളികളെ കയറ്റി വരുകയായിരുന്ന ബൊലേറോ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിൽനിന്നും തെറിച്ചുവീണ ദേവയ്യ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാൻസിയെ മടിക്കേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീപ്പ് ഡ്രൈവർ കുശാൽനഗർ കൊപ്പം സ്വദേശി അരുൺ കുമാറിനും രണ്ട് തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. ഇരുവരെയും മടിക്കേരിയിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.