അതിരപ്പിള്ളി: ആനമല റോഡിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കൊല്ലം കുണ്ടറ സ്വദേശി വിത്സൻ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴോടെ ഷോളയാറിന് സമീപം അമ്പലപ്പാറയിലാണ് അപകടം. ചാലക്കുടിയിൽനിന്ന് ബസിൽ വരുന്ന സഹപ്രവർത്തകനെ പുളിയിലപ്പാറയിൽനിന്ന് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ ബൈക്കിൽ പോയതായിരുന്നു. വാൽപ്പാറയിലെ തേയില ഫാക്ടറിയിലേക്ക് വിറകുമായി പോയ ലോറിയുമായാണ് കൂട്ടിയിടിച്ചത്. ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജെസീല. മക്കൾ: ഡിയ, ഹന. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കുണ്ടറയിൽ.