പാവറട്ടി: പുവ്വത്തൂരിൽ ടോറസ് ലോറിക്കടിയിലേക്ക് സ്കൂട്ടർ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെയും സുരഭിയുടെയും മകൾ ദേവപ്രിയയാണ് (18) മരിച്ചത്. പുവ്വത്തൂർ സുബ്രഹ്മണ്യൻ കോവിലിന് സമീപം ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജിലെ ബി.സി.എ ഒന്നാം വർഷ വിദ്യാർഥിനിയാണ്. കോളജിലെ എൻ.സി.സി ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കുടിവെള്ള പൈപ്പിനായി പൊളിച്ച റോഡിന്റെ പകുതി ഭാഗം ടാർ ചെയ്ത തിണ്ടിൽ തട്ടിയ സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ലോറിയുടെ പിൻചക്രം കയറി ഹെൽമറ്റ് ഉൾെപ്പടെ തകർന്ന നിലയിലാണ്. അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. നാട്ടുകാർ പാവറട്ടിയിലെ ആശുപത്രിയിലെത്തിച്ച മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും. സഹോദരങ്ങൾ: ദേവനന്ദ, ദേവകിഷൻ.