തിരൂർ: തിരൂർ ജില്ല ആശുപത്രി കെട്ടിടത്തിൽനിന്ന് കാൽ തെന്നി വീണ് ചികിത്സയിലിരുന്ന ഹെഡ് നഴ്സ് മരിച്ചു. തൃശൂർ ചാലക്കുടി സ്വദേശി തറയിൽ ജോസഫിന്റെ മകൾ മിനി (48) ആണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ ബുധനാഴ്ച പുലർച്ചെ മരിച്ചത്. ആശുപത്രിയിൽ നിർമിക്കുന്ന ഓങ്കോളജി കെട്ടിടത്തിലെ ഒന്നാം നിലയിൽ നഴ്സിങ് സൂപ്രണ്ട് ശൈലജയുമൊത്ത് സന്ദർശിക്കാൻ പോയ സമയത്താണ് മിനി കാൽ തെന്നി 15 അടി താഴേക്ക് വീണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് 12നായിരുന്നു അപകടം. മൂന്ന് വർഷം മുമ്പാണ് ഹെഡ് നഴ്സായി ജോലിയിൽ പ്രവേശിച്ചത്. ആന്റോയാണ് ഭർത്താവ്. മക്കൾ: ജോയൽ, എയ്ഞ്ചൽ (ഇരുവരും വിദ്യാർഥികൾ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ചാലക്കുടി ഫോറാന പള്ളി സെമിത്തേരിയിൽ.