തലശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫോട്ടോഗ്രാഫർ മരിച്ചു. ന്യൂമാഹി മലയാള കലാഗ്രാമത്തിന് സമീപത്തെ വൈശാലി സ്റ്റുഡിയോ ഉടമ എരഞ്ഞോളി ചോനാടം റബ്കോ റോഡിലെ രമ്യം ഹൗസില്‍ എന്‍.പി. രാജനാണ് (70) മരിച്ചത്. തലശ്ശേരി - മാഹി ദേശീയപാതയിലെ ഗോപാലപേട്ട ചക്യത്ത് മുക്കിൽ ശനിയാഴ്ച രാത്രി ഏഴരക്കാണ് അപകടം. രാജൻ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിനടുത്ത സൈഡ് ബാർ തട്ടി രാജന്റെ വലതുകൈ ഷോൾഡറിനടുത്ത് അറ്റനിലയിലായിരുന്നു.
കൈ മുറിഞ്ഞതിനാൽ രക്തം വാർന്നൊഴുകിയതായി ദൃക്സാക്ഷികൾ പറഞ്ഞു. പരേതരായ അച്യുതന് - നാണി ദമ്പതിമാരുടെ മകനാണ്. ഭാര്യ: ബീന. മക്കള്‍: സാരംഗ്, മിഥുന് (സൗദി), മൃദുല്‍. സഹോദരങ്ങള്‍: എന്‍.പി. രവീന്ദ്രന്, പരേതനായ എന്‍.പി. രമേശന്, എന്‍.പി. രഞ്ജിനി, എന്‍.പി. രാഗേഷ് ബാബു.