കോട്ടക്കൽ: സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഒതുക്കുങ്ങൽ പഞ്ചായത്തിലെ പാലപ്പുറയിലാണ് സംഭവം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണുന്നത്. കോട്ടക്കൽ ഇൻസ്പെക്ടർ അശ്വിത് എസ്. കാരന്മയിൽ സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്നെത്തിയ അഗ്നി രക്ഷസേനയുടെ നേതൃത്വത്തിൽ മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. നാലു ദിവസത്തിലധികം പഴക്കം തോന്നിക്കുന്ന 30 വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടേതെന്നാണ് നിഗമനം. മൃതദേഹം കണ്ടെത്തിയ വീടിന്റെ പിൻവശം പാടമാണ്. മോഷണത്തിനെത്തിയയാൾ കിണറ്റിൽ വീണതാകാമെന്ന സംശയത്തിലാണ് നാട്ടുകാർ. നേരത്തെ ഈ ഭാഗങ്ങളിൽ മോട്ടോറുകൾ മോഷണം പോയിരുന്നു. സ്റ്റേഷൻ പരിധിയിൽ കാണാതായവരെ കുറിച്ച വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. എസ്.ഐ വി. അമീറലി ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.