ചിറ്റൂർ: വാഹനാപകടത്തിൽ അധ്യാപികക്ക് ദാരുണാന്ത്യം. നല്ലേപ്പിള്ളി കമ്പിളിചുങ്കം നങ്ങാംകുറുശ്ശി റിട്ട. എസ്.ഐ ദേവദാസിന്റെ ഭാര്യ മിനിയാണ് (48) മരിച്ചത്. കഞ്ചിക്കോട് ഗവ. ഹൈസ്കൂളിലെ ജ്യോഗ്രഫി അധ്യാപികയാണ്. ചൊവ്വാഴ്ച രാവിലെ 8.30ന് പൊൽപ്പുള്ളി കൂളിമുട്ടത്തായിരുന്നു അപകടം. മകനോടൊപ്പം സ്കൂട്ടറിൽ പാലക്കാട്ടേക്ക് പോവുകയായിരുന്നു മിനി. മുന്നിൽ പോവുകയായിരുന്ന വാഹനം പെട്ടെന്നു നിർത്തിയപ്പോൾ ഇവരും പെട്ടെന്ന് ബ്രേക്ക് ഇട്ടു. പിന്നിലിരുന്ന മിനി ഇതോടെ പിന്നിലേക്ക് മലർന്നടിച്ചു വീണു. ഈ സമയം എതിരെ വന്ന സ്കൂൾ ബസിന്റെ ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കഞ്ചിക്കോട് സ്കൂളിൽ പൊതുദർശനത്തിനു വെച്ചു. ശേഷം വൈകീട്ട് സംസ്കാരം നടത്തി. മക്കൾ: അശ്വിൻ ദേവ്, റിസ്വിൻ ദേവ്.