kuപയ്യാവൂർ: പൈസക്കരി മാടയ്ക്കലിൽ ഗൃഹനാഥന്റെ അഴുകിയ മൃതദേഹം വീട്ടിനകത്ത് കണ്ടെത്തി. മാടയ്ക്കലിലെ കുരീക്കാട്ടിൽ കുര്യന്റെ (66) മൃതദേഹമാണ് അദ്ദേഹത്തിന്റെ വീട്ടിനകത്ത് കണ്ടെത്തിയത്. ഏകദേശം നാലു ദിവസത്തെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലാണ് കാണപ്പെട്ടത്. ഏറെ നാളായി ഒറ്റക്കു കഴിയുന്ന കുര്യനെ കഴിഞ്ഞ ഒന്നിനുശേഷം കാണാത്തതിനാൽ സഹോദരി ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. ഇതേ തുടർന്ന് വീട്ടിൽ ചെന്നുനോക്കിയപ്പോഴാണത്രെ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പയ്യാവൂർ എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.
ശാരീരിക അവശതയാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മറ്റു ദുരൂഹതകളൊന്നും പരിശോധനയിൽ കാണാനില്ല. ഭാര്യ: പരേതയായ ആലീസ് രയരോം പുന്നാട്ട് കുടുംബാംഗം. മക്കൾ: ജിഷ, ജിനീഷ് (യു.കെ). മരുമക്കൾ: ജെയ്സൻ ആയല്ലൂർ (കാര്യപ്പള്ളി), അനു മനാട്ട് (ചെമ്പേരി പുറഞ്ഞാൺ).