കുറ്റ്യാടി: കുണ്ടുതോട് മാമ്പിലാട് സജിത്രൻ കെ. ബാലൻ (44) നിര്യാതനായി. ടി.വി ചാനലുകളിൽ നടത്തിയ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനാണ്. ന്യൂമോണിയ ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം. പാചകകലയിലെ നൈപുണ്യത്തിന് പുറമെ കല-സാംസ്കാരിക മേഖലകളിലും സജീവമായിരുന്നു. ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ, ആൽബങ്ങൾ മുതലായവ പുറത്തിറക്കുകയുണ്ടായി. മീഡിയവണിൽ സംപ്രേഷണംചെയ്ത പച്ചമുളക്, ട്രീറ്റ് കുക്കറി ഷോ, ഏഷ്യാനെറ്റിലെ മൈ സൂപ്പർ ഷെഫ് തുടങ്ങിയ പരിപാടികൾ ജനശ്രദ്ധയാകർഷിച്ചു. ബേസിക് നോളജ് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ദി വോയ്സ് ഓഫ് വയനാട് തുടങ്ങിയ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സ്വർഗം ഭൂമിയിൽതന്നെ, ഔട്ട് ഓഫ് റേഞ്ച്, ദി ലോസ്റ്റ് ചൈൽഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളാണ് സംവിധാനം ചെയ്തത്. മയൂര റസിഡൻസി, വൈശാഖ് ഇന്റർനാഷനൽ, പാരമൗണ്ട് ടവർ, മലബാർ ഗേറ്റ്, മലബാർ റസിഡൻസി, റീജിയൻ ലെയ്ക്ക് പാലസ്, ഹോട്ടൽ ഹിൽപാലസ്, വയനാട് റീജൻസി, കോഴിക്കോട് കെ.പി.എം ട്രൈപെന്റ് എന്നിവയിലും, ജി.സി.സി രാജ്യങ്ങളിലെ നെല്ലറ ഗ്രൂപ് ഒാഫ് റസ്റ്റാറന്റ്, റാമി ഇന്റർനാഷനൽ ഗ്രൂപ് ഓഫ് ഹോട്ടൽസ് എന്നിവയിലും കോർപറേറ്റ് ഷെഫായും എക്സിക്യൂട്ടിവ് ഷെഫായും സേവനം ചെയ്തിട്ടുണ്ട്. പിതാവ്: പരേതനായ കുട്ടിക്കുന്നുമ്മൽ ബാലൻ. ഭാര്യ: വിനീത. മകൻ: ഫിദൽ വി. സജിത്രൻ. സഹോദരൻ: സജി (അധ്യാപകൻ, മഹാരാഷ്ട്ര).