എടക്കര: ചുങ്കത്തറ ടൗണില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വഴിക്കടവ് നാരോക്കാവ് സ്വദേശിയായ യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. നാരോക്കാവ് മുരിങ്ങമുണ്ട കണിയാന്പൊയ്ക കറുത്തേടത്ത് അബുവിന്റെ മകന് സുധീര്‍ എന്ന സമീറാണ് (48) മരിച്ചത്. അപകടത്തില്‍പ്പെട്ട മറ്റൊരു ബൈക്കിലെ യാത്രക്കാരന് ചുങ്കത്തറ കുന്നത്ത് കണ്ണാട്ടില്‍ അന്ഷിഫിനെ പരിക്കുകളോടെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.40ഓടെ ചുങ്കത്തറ ടൗണിലാണ് അപകടം. ബസ് സ്റ്റാന്‍ഡില്‍നിന്ന് കെ.എന്‍.ജി റോഡിലേക്ക് പ്രവേശിച്ച സുധീറിന്റെ ബൈക്കും എടമല ഭാഗത്തുനിന്ന് എടക്കര ഭാഗത്തേക്ക് വന്ന അന്‍ഷിഫിന്റെ ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുധീറിനെ ചുങ്കത്തറ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകവെയായിരുന്നു മരണം. തലക്ക് ഏറ്റ സാരമായ പരിക്കാണ് മരണകാരണം. സുബൈദയാണ് സുധീറിന്റെ ഭാര്യ. മക്കള്‍: അഫ്സല്, അന്‍സില്‍, മാലിക്, നസ്റിന്. മാതാവ്: റുഖിയ.