കാഞ്ഞങ്ങാട്: യുവാവിനെ പഞ്ചായത്ത് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അത്തിക്കോത്ത് എ.സി നഗറിലെ ബീരന്റെ മകൻ ബി. ബൈജുവിനെയാണ് (35) മരിച്ചനിലയിൽ കണ്ടെത്തിയത്.
എ.സി. നഗറിലെ പഞ്ചായത്ത് കിണറിൽ മുങ്ങിമരിച്ച നിലയിലായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയാണ് കണ്ടത്. നാട്ടുകാർ കിണറ്റിലിറങ്ങി കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. വൈകീട്ട് ഏഴുമണിയോടെ ബൈജുവും സുഹൃത്തുക്കളും കിണറ്റിനടുത്തുനിന്ന് സംസാരിച്ചിരുന്നു. പിന്നീട് സുഹൃത്തുക്കൾ വീട്ടിലേക്ക് മടങ്ങി.
അബദ്ധത്തിൽ വീണതാണെന്ന് ബന്ധുക്കൾ പറഞ്ഞു. കിണറ്റിൻകരയിൽ വീണുകിടന്ന മൊബൈൽ ഫോൺ ബെല്ലടിച്ചതിനെ തുടർന്ന് സമീപവാസികൾ ചെന്നുനോക്കിയപ്പോൾ ആരെയും കണ്ടില്ല. കിണറിനടുത്ത് ചെരിപ്പ് കണ്ടെത്തി. കിണറിൽ വെള്ളം കലങ്ങിക്കിടക്കുന്നതായി കണ്ടു. തുടർന്ന് കിണറ്റിൽ ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: വിലാസിനി. മക്കൾ: ധ്യാൻ, നീരജ്. സഹോദരങ്ങൾ: ബാലൻ, ബാബു, ബിന്ദു.