ഫറോക്ക്: നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാറിടിച്ച് യുവാവ് മരിച്ചു. ഏഷ്യാനെറ്റ് കേബിൾ വിഷൻ ജീവനക്കാരനായ പേരുമുഖം മലയിൽ സുരേഷ് കുമാറാണ് (48) വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചെറുവണ്ണൂർ ബി.സി റോഡിൽ ജോലി ചെയ്തുകൊണ്ടിരിക്കെ, സുരേഷ് കുമാർ ഇരുന്ന ഓട്ടോയിൽ കാർ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം ഫറോക്കിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ മലയില്‍ കുട്ടീശ്വരന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ: ബബിത. മക്കൾ: വൈഷ്ണവ്, വസുദേവ്. സഹോദരങ്ങൾ: ഷീജ, പരേതരായ ബോബിത, ദിലീപ് കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന്.