ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ് ചാലക്കുടി സ്വദേശിയായ യുവാവ് മരിച്ചനിലയിൽ. ചാലക്കുടി തിരുത്തിപ്പറമ്പ് ചെമ്മീനിയാടൻവീട്ടിൽ സത്യന്റെ മകൻ സതീഷാണ് (26) മരിച്ചത്. വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം. കോളജിൽ നിർമിക്കുന്ന കെട്ടിടത്തിൽ നിന്ന് കാൽ തെന്നി വീഴുകയായിരുന്നു എന്ന് സതീഷിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചേലക്കര പൊലീസിൽ മൊഴി നൽകി. രാത്രി കൂടെയുണ്ടായിരുന്നവർ സതീഷിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീണു കിടക്കുന്നത് കണ്ടത്. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെയിന്റിങ് ജോലിക്കാണ് ചാലക്കുടി സ്വദേശിയായ സതീഷും സുഹൃത്തുക്കളും കിള്ളിമംഗലത്ത് എത്തിയത്. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.