തലശ്ശേരി: നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷന്റെ (എൻ.ടി.ടി.എഫ്) എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ ഡോ. എൻ. രഘുരാജ് (85) ബംഗളൂരിൽ നിര്യാതനായി. ചെന്നൈ ഗിണ്ടി എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ചു. എൻ.ടി.ടി.എഫിന്റെ നേട്ടത്തിലും വളർച്ചയിലും അദ്ദേഹം സുപ്രധാനമായ പങ്കു വഹിച്ചു. സ്ഥാപക ചെയർമാൻ, ടൂൾ ആൻഡ് ഗോജ് മാനുഫാക്ചറിങ് അസോസിയേഷൻ ഇന്ത്യ (ടി.എ.ജി.എം.എ) ചെയർമാൻ, ഫെഡറേഷൻ ഓഫ് ഏഷ്യൻ ഡൈ ആൻഡ് മാൾ അസോസിയേഷൻ, ഇന്ത്യയിലും വിദേശത്തുമുളള പല പ്രമുഖ കമ്പനികളുടെ ബോർഡംഗമായിരുന്നു. റോട്ടറി ക്ലബ് ഓഫ് ചെന്നൈ ഈസ്റ്റിന്റെ ദ്രോണാചാര്യ അവാർഡ്, കർണാടക രാജ്യോത്സവ അവാർഡ് എന്നീ നേട്ടങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: പരേതയായ രാജലക്ഷ്മി.
മക്കൾ: മഹേന്ദ്രൻ, രാജ്യലക്ഷ്മി, പരേതനായ നാഗേന്ദ്രൻ.
മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച ഉച്ചക്ക് 12.30ന് ശേഷം ബംഗളൂരുവിലെ വസതിയിൽ നടക്കും.