കൊടുവള്ളി: നിർമാണം നടക്കുന്ന വീടിന്റെ സൺഷേഡ് അടർന്നുവീണ് സ്കൂൾ വിദ്യാർഥി മരിച്ചു. പെരിയാംതോട് ആറങ്ങോട്ട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അബിൻ ദേവ് (മനു-14) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം.
പണിക്കാർ പണി നിർത്തി പോയതിനുശേഷം വീടിന്റെ പോർച്ചിനു മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടെ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിൻ ദേവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. നരിക്കുനിയിൽനിന്ന് അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാർ സ്ലാബിനടിയിൽനിന്ന് അഭിൻ ദേവിനെ പുറത്തെടുത്തിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: ശോഭന. സഹോദരങ്ങൾ: അമൻ ദേവ്, അതുൽ ദേവ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചയോടെ സംസ്കരിക്കും.