എരുമപ്പെട്ടി: പുതുരുത്തിയിൽ മിനി ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിന് സമീപം കീർത്തി നിവാസിൽ നന്ദൻ മാരാരുടെ മകൻ ഗൗതം (21) ആണ് മരിച്ചത്. പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മങ്ങാട് കാവീട് വീട്ടിൽ റോയിലിനെ (42) തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പുതുരുത്തി പള്ളി കഴിഞ്ഞുള്ള നെയ്യിൻപടി വളവിലാണ് അപകടം. മങ്ങാട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോവുന്ന ഗൗതം ഓടിച്ച ബൈക്ക് എതിരെ വന്ന മിനി ലോറിയില്‍ ഇടിച്ച് നിയന്ത്രണം തെറ്റി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെയും എരുമപ്പെട്ടിയിലെ ആക്ട്സ് പ്രവര്‍ത്തകർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗൗതം മരിച്ചു. തൃശൂർ പൂത്തോളിൽ കമ്പ്യൂട്ടർ സർവിസ് സെന്ററിൽ ടെക്നീഷ്യനായിരുന്നു ഗൗതം. മാതാവ്: ഉമാമഹേശ്വരി. സഹോദരൻ: സിദ്ധാർഥ് (വാദ്യകലാകാരൻ). മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.