തേഞ്ഞിപ്പലം: നീരോല്പാലത്ത് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീരോല്‍പാലം സ്വദേശിയും പ്രവാസിയുമായ കരുപറമ്പന്‍ ഹംസയുടെ മകനും പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം.എച്ച്.എസിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥിയുമായ മുഹമ്മദ് അനസ് (15) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ഥിയെ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെ വീടിനകത്തെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
റമദാന് വ്രതം അനുഷ്ഠിക്കുന്നതിന്റെ ഭാഗമായി പുലര്‍ച്ചെ ഭക്ഷണം കഴിക്കുന്നതിനായി വീട്ടുകാര്‍ എഴുന്നേറ്റപ്പോഴാണ് അനസിനെ മരിച്ച നിലയില്‍ കണ്ടത്. ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തേഞ്ഞിപ്പലം സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.ജി. കൃഷ്ണകുമാര്‍, എസ്.ഐ വിപിന്‍ വി. പിള്ള എന്നിവര്‍ സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനക്ക് ശേഷം ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മാതാവ്: തസ്ലീന. സഹോദരിമാര്‍: ഫാത്തിമ അസ്ന, അഫ്ന ഷെറിന്. ഖബറടക്കം ബുധനാഴ്ച രാവിലെ 7.30ന് നീരോല്‍പാലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.