പേരാമ്പ്ര: കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം വാളൂർ തോട്ടിൽ കണ്ടെത്തി. വാളൂർ കുറുങ്കുടി മീത്തൽ അനു (26) ആണ് ദുരൂഹ സാഹചര്യത്തിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നൊച്ചാട് പ്രാഥമികമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം പരിസരവാസികൾ കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തോട്ടിൽ വളരെ കുറച്ച് വെള്ളമാണുള്ളത്. അനുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. പേരാമ്പ്ര പൊലീസും വടകര ലാൻഡ് അക്വസിഷൻ തഹസിൽദാർ രേഖ, വടകരയിൽ നിന്നെത്തിയ ഫോറൻസിക്ക് വിദഗ്ധരും സ്ഥലത്തെത്തി. നാലുമണിയോടു കൂടി കരക്കെടുത്ത മൃതദേഹം ഇൻക്വസ്റ്റ് നടപടിക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനയച്ചു. ഭർത്താവ്: പ്രജിൽ (ഇരിങ്ങണ്ണൂർ). പിതാവ്: വാസു. മാതാവ്: സരസ്വതി. സഹോദരൻ: സദാനന്ദൻ.