തിരുവില്വാമല: സ്വന്തം കാർ പിന്നോട്ട് വന്നിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. പാമ്പാടി മൃഗാശുപത്രിക്ക് സമീപം ശ്രീധന്യയിൽ പ്രേംകുമാർ നായർ (68) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഒരലാശ്ശേരിയിലുള്ള ഫാം ഹൗസിൽനിന്ന് തിരിച്ചുവന്ന ഇദ്ദേഹം കാർ നിർത്തി ഗേറ്റ് പൂട്ടാൻ പുറത്തിറങ്ങി. ഈ സമയം ഓഫാക്കാതെ നിർത്തിയിരുന്ന കാർ പിന്നോട്ട് നീങ്ങി പ്രേം കുമാറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗേറ്റ് തകർത്ത് സമീപത്തെ തിണ്ണയിൽ ഇടിച്ചാണ് കാർ നിന്നത്. ഉടനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീധന്യ (യു.എസ്), ശ്രീഹരി. മരുമക്കൾ: പ്രവീൺ, ഐശ്വര്യ.