സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചുള്ളിയോട് ടൗണിനോട് ചേർന്ന മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. അമ്പലക്കുന്ന് കോളനിയിലെ ഭാസ്കരനാണ് (60) മരിച്ചത്. തിങ്കളാഴ്ച രാത്രി 11ഓടെയാണ് തീ പടർന്നത്. ടൗണിന് സമീപമുള്ള കാലിച്ചന്തക്ക് സമീപത്തായി വർഷങ്ങളായി മാലിന്യം കൂട്ടിയിടുന്ന പതിവുണ്ട്. അടുത്തിടെയായി ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യവും ഇവിടെയാണ് കൊണ്ടിടാറുള്ളത്. തീപടരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. സുൽത്താൻ ബത്തേരി അഗ്നിരക്ഷ യൂനിറ്റ് ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭാസ്കരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞിരുന്നു. കുറച്ച് ആഴ്ചകളായി ഭാസ്കരൻ കാലിച്ചന്തക്ക് സമീപത്തെ ഷെഡിലായിരുന്നു അന്തിയുറങ്ങിയിരുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. മുടുങ്ങയാണ് മരിച്ച ഭാസ്കരന്റെ ഭാര്യ. മകൾ: ഗീത.