വടകര: മാഹി റെയിൽവേ സ്റ്റേഷനിൽ നിർമാണ പ്രവൃത്തി നടക്കുന്ന ഭാഗത്തെ പാർക്കിങ്ങ് സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ഓട്ടോ ഡ്രൈവർമാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപത്തെ കരിങ്കല്ലിൽ രക്തം കെട്ടിനിൽക്കുന്നുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളോടൊപ്പം ഒരാൾ റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് നടന്നുവരുന്ന സി.സി.ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മാഹി ഗവ. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ചോമ്പാല പൊലീസ് ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.