പട്ടാമ്പി: പട്ടാമ്പി റെയില്‍വേ സ്റ്റേഷനും കാരക്കാട് റെയില്‍വേ സ്റ്റേഷനുമിടയില്‍ സ്ത്രീയെയും പുരുഷനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ കടന്നുപോകവെ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കാരക്കാട് റെയില്‍വേ സ്റ്റേഷനടുത്തായാണ് സംഭവം നടന്നത്. തൃത്താലയില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളാണ് മരിച്ചതെന്നും ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പട്ടാമ്പി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മൃതദേഹങ്ങള്‍ ട്രാക്കില്‍ കിടന്നതിനാല്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഒരു മണിക്കൂറോളം വൈകിയാണ് ഓടിയത്.