കാഞ്ഞങ്ങാട്: ഗൾഫിൽനിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ അബോധാവസ്ഥയിലായ ബല്ലാ കടപ്പുറം സ്വദേശി ആശുപത്രിയിൽ മരിച്ചു. ബല്ലാ കടപ്പുറം ഇട്ടമ്മൽ നൂറ് പള്ളിക്ക് സമീപത്തെ സി.പി. ഉസ്മാനാണ് (54) മരിച്ചത്. അബൂദബിയിൽ വ്യാപാരിയായിരുന്നു. രണ്ടാഴ്ചയായി കടുത്ത തലവേദനയുണ്ടായതിനെ തുടർന്ന് ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സക്കായി മകൻ മിഷ്ഹാബിനൊപ്പം നാട്ടിലേക്ക് വരുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് കണ്ണൂർ വിമാനത്താവളത്തിലേക്ക് വരുന്നതിനിടെ അബോധാവസ്ഥയിലായി. ഉറക്കമെന്നാണ് കൂടെയുണ്ടായിരുന്ന മകൻ കരുതിയത്. വിമാനത്താവളത്തിലെത്തിയിട്ടും അനക്കമില്ലാത്തതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചു. ബല്ലാ കടപ്പുറം ജുമാമസ്ജിദ് ഓഡിറ്ററായിരുന്നു. അബൂദബി -ബല്ലാ കടപ്പുറം ജമാഅത്ത് ശാഖ മുൻ ജനറൽ സെക്രട്ടറി, കെ.എം.സി.സി മുൻ ജന. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അഫ്സത്ത്. മറ്റു മക്കൾ: മഫ്യൂന, ജൗഹർ, മഹബൂബ. മരുമകൻ: ജവാദ്. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, അഷ്റഫ്, ഖദീജ. ഖബറടക്കം ബല്ലാ കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.