ബദിയടുക്ക: ബന്ധുവീട്ടില്‍ പോകവെ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ചു. രണ്ടു വയസ്സുള്ള മകള്‍ക്കും ഭര്‍ത്താവിനും പരിക്കേറ്റു. മാവിനക്കട്ട സോളാരിക്കണ്ടത്ത് ദിനേശിന്റെ ഭാര്യ അനുഷയാണ് (25) മരിച്ചത്. ബുധനാഴ്ച രാത്രി 9.30ഓടെ ദിനേശ് ഭാര്യ അനുഷയെയും രണ്ടു വയസ്സുള്ള മകള്‍ ശിവന്യയെയും കൂട്ടി മാവിനക്കട്ടയില്നിന്ന് ബൈക്കില്‍ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. ഉബ്രംകള ഇറക്കത്തില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തെറിച്ചുവീണ മൂന്നുപേരെയും ഉടന്‍തന്നെ ചെങ്കള ഇ.കെ. നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റ അനുഷയെ രക്ഷിക്കാനായില്ല. കാസര്‍കോട്ട് സ്വകാര്യ ബസിലെ കണ്ടക്ടറാണ് ദിനേശ്. ശിവന്യയെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. നെല്ലിക്കട്ട അബ്രക്കുഴിയിലെ പരേതനായ ജയന്റെയും വനിതയുടെയും മകളാണ് അനുഷ. സഹോദരങ്ങള്‍: ജയദീപ്, അശ്വിനി.