പയ്യോളി: ഒന്നരവയസ്സ് പ്രായമുള്ള പിഞ്ചുബാലികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. മണിയൂർ കരുവാണ്ടിമുക്കിൽ കോട്ടയിൽതാഴെ ആയിഷ സിയയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മാതാവ് ഫായിസയെ (28) പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവ് ഫായിസ ഏതാനും വർഷത്തോളമായി മനോരോഗത്തിന് ചികിത്സയിലാണ്. സംഭവസമയം ഫായിസയും മാതാപിതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂത്തമകൻ മുഹമ്മദ് (5) മണിയൂർ മങ്കരയിൽ ഭർത്താവ് ഇർഷാദിന്റെ വീട്ടിലായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.